കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഒരു കുറ്റപത്രം മാത്രം സമർപ്പിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കേരള ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജയിലിൽ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറ്റ് കേസുകളിലും അന്തിമ റിപ്പോർട്ട് നൽകണമെന്നും, എസ്പി എസ്. ശശിധരൻ നാളെ നേരിട്ട് ഹാജരായി വിശദീകരണവും സത്യവാങ്മൂലവും നൽകണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അന്ത്യശാസനം നൽകി.
എട്ട് കേസുകളിലും ഉടൻ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നുമായിരുന്നു ഹൈക്കോടതിയുടെ മുൻ ഇടക്കാല ഉത്തരവ്. രണ്ടാഴ്ചത്തെ സമയം നൽകിയിട്ടും ഉത്തരവ് പാലിക്കാതെ വീഴ്ച വരുത്തിയ എസ്.ഐ.ടി, അന്തിമ റിപ്പോർട്ട് നൽകിയെന്ന് വരുത്തിത്തീർക്കാൻ വേണ്ടി മാത്രം ഒരു കുറ്റപത്രം സമർപ്പിച്ച് കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന് നിരീക്ഷിച്ച കോടതി എസ്.ഐ.ടിയുടെ കംപ്ലൈൻസ് റിപ്പോർട്ട് തള്ളി.
എല്ലാം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചെയ്യുന്നതെങ്കിൽ എന്തിനാണ് പൊലീസ് സംവിധാനമെന്നും ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ എന്താണ് ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ ഉൾപ്പെട്ടവർ സ്വാധീനമുള്ളവരാണെങ്കിൽ നടപടികൾക്ക് കോടതി നിർബന്ധിക്കേണ്ടിവരുമെന്നും അല്ലെങ്കിൽ ഒരു പങ്കുമില്ലാത്ത പാവപ്പെട്ടവരെപ്പോലും കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി; എസ്.ഐ.ടിയുടെ ഈ ഗൗരവതരമായ വീഴ്ച അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.





