തിരുവനന്തപുരം: ആരോഗ്യം മോശമായിരുന്ന അവസ്ഥയിൽ ഉമ്മൻ ചാണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് തന്റെ പേരായിരുന്നുവെന്നും, അത് നടക്കാതെ പോയതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നുവെന്നും കെ.പി.സി.സി അംഗം ജെ.എസ്. അഖിൽ. ഷാഫി പറമ്പിൽ എ ഗ്രൂപ്പിലാണെന്നത് എട്ടാമത്തെ അത്ഭുതമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞതിന് പിന്നാലെയാണ് മാധ്യമങ്ങളിലൂടെ അഖിലിന്റെ ഈ പ്രതികരണം.
കെ.എസ്.യു-യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചപ്പോൾ ആ അവസരങ്ങളൊക്കെ ആരൊക്കെയോ ബോധപൂർവ്വം ഇല്ലാതാക്കിയെന്ന് തോന്നുന്നതായും, കുതികാലുവെട്ടുകൾക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയമായിരുന്നില്ല ഉമ്മൻ ചാണ്ടിയുടേതെന്നും അഖിൽ പറഞ്ഞു. അന്നത്തെ തീരുമാനത്തിൽ വിയോജിപ്പുണ്ടായിട്ടും ആരെയും വേദനിപ്പിക്കാതിരിക്കാൻ താൻ മാറിനിൽക്കുകയായിരുന്നുവെന്നും, തന്റെ മനസ്സിൽ അഖിലാണ് ഉള്ളതെന്ന് ഉമ്മൻ ചാണ്ടി നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി കണ്ടെത്തിയ യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ സ്ഥിതി എന്താണെന്ന് എല്ലാവർക്കുമറിയാമെന്ന് അഖിൽ ചൂണ്ടിക്കാട്ടി; ചില ആളുകൾ തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം നടക്കണമെന്ന രീതി ശരിയല്ലെന്നും ജനങ്ങൾ ആഗ്രഹിക്കുന്നവരെ മുന്നിലേക്ക് അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 11 മണി മുതൽ താൻ വലിയ സൈബർ ആക്രമണം നേരിടുകയാണെന്നും ഫോണിൽ വിളിച്ച് അസഭ്യം പറയുന്നത് ആരുടെ നേതൃത്വത്തിലായാലും ശരിയല്ലെന്നും അഖിൽ പറഞ്ഞു. ഇത്തരമൊരു പ്രതികരണം നടത്തേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാൽ തന്റെ ഭാഗത്തുനിന്ന് പാർട്ടി വിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





