തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളും സൈബർ പോരും രൂക്ഷമാകുന്നതിനിടെ, ഷാഫി പറമ്പിൽ എം.പിയെ തള്ളിപ്പറഞ്ഞതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും കടുത്ത സൈബർ ആക്രമണം. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർക്കെതിരെ ചില കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്ന് തന്നെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകളാണ് പ്രചരിക്കുന്നത്.
രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെ തള്ളിയും ഇന്നലെ ഉമ്മൻ ചാണ്ടിയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് സൈബർ ആക്രമണം ശക്തമായത്; കോൺഗ്രസ് പ്രവർത്തകർ ഏറ്റവും അധികം സ്നേഹിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി എന്നിരിക്കെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ ഈ ആക്രമണം നടക്കുന്നത്.
ഇതിനുപുറമെ, രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള സൈബർ ആക്രമണം തുടരുന്നതിനൊപ്പം കെ.സി. വേണുഗോപാലിനും ജെ.എസ്. അഖിലിനുമെതിരെ ഷാഫി അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകളിലുള്ള സൈബർ പോരാളികൾ പരസ്പരം പോർവിളികളുമായി രംഗത്തിറങ്ങിയതോടെ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത സമൂഹമാധ്യമങ്ങളിൽ പരസ്യമായ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്.





