കൊച്ചി: റിയൽറ്റി-ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ടാലൻമാർക്ക് 2030-ഓടെ കേരളത്തിൽ നാല് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ 2,500 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി 1,700 കോടി രൂപ ചെലവിൽ കോഴിക്കോട് രണ്ടും വയനാട്, കൊച്ചി എന്നിവിടങ്ങളിൽ ഓരോന്നുമായി നാല് പഞ്ചനക്ഷത്ര ഹോട്ടലുകളാണ് നിർമ്മിക്കുന്നത്; നാലിടത്തും ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡിനായിരിക്കും ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല.
കോഴിക്കോട് 153, 126 മുറികൾ വീതമുള്ള രണ്ട് ഹോട്ടലുകളും, വയനാട്ടിൽ 126 മുറികളും കൊച്ചിയിൽ 153 മുറികളുമുള്ള ഹോട്ടലുകളുമാണ് ഒരുങ്ങുന്നത്. ഇതാദ്യമായാണ് ഒരു ഗ്ലോബൽ ഹോസ്പിറ്റാലിറ്റി ബ്രാൻഡ് മലബാറിലേക്ക് വരുന്നതെന്ന് ടാലൻമാർക്ക് എം.ഡി എം. ഹബീബുറഹ്മാൻ, സഹസ്ഥാപകരും ഡയറക്ടർമാരുമായ എൻ. ഹിബത്തുള്ള, ടി.കെ. മുഹമ്മദ് ഷക്കീൽ, സി.ഇ.ഒ നിഷാന്ത് നായർ എന്നിവർ അറിയിച്ചു; ഹോസ്പിറ്റാലിറ്റി ബ്രാൻഡിന്റെ വിശദാംശങ്ങളും ബ്രാൻഡ് അംബാസഡറെയും ഉടൻ പ്രഖ്യാപിക്കും.
ഹോട്ടലുകൾക്ക് പുറമെ 800 കോടി രൂപ ചെലവിൽ വിവിധ സ്ഥലങ്ങളിൽ ഹോസ്പിറ്റാലിറ്റി-റസിഡൻഷ്യൽ പ്രോജക്ടുകളും ഗ്രൂപ്പ് നിർമ്മിക്കുന്നുണ്ട്. കൂടാതെ, കോഴിക്കോട് ബീച്ചിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഷോപ്പിങ് മാൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.





