തിരുവനന്തപുരം: സംസ്ഥാനത്തെ 13 സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡപ്രകാരം ഏകീകൃത നിയമഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പുതിയ കരട് ബില്ലായ '2026 സർവകലാശാല ഭേദഗതി നിയമങ്ങൾ' പ്രകാരം വി.സി നിയമനത്തിനുള്ള പരമാവധി പ്രായപരിധി 70 വയസ്സായി നിജപ്പെടുത്തുകയും, നാല് വർഷമായിരുന്ന കാലാവധി അഞ്ച് വർഷമായി വർദ്ധിപ്പിക്കുകയും ചെയ്യും; കൂടാതെ ഒരു തവണ നിയമിതനായ വ്യക്തിക്ക് പുനർനിയമനം ഉണ്ടായിരിക്കില്ലെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
എഴുപത് വയസ്സ് കഴിഞ്ഞവർക്ക് വൈസ് ചാൻസലറുടെ അധിക ചുമതല പോലും നൽകില്ലെന്ന കർശന നിർദ്ദേശവും ബില്ലിലുണ്ട്. നേരത്തെ ഗോപിനാഥ് രവീന്ദ്രനും ആരോഗ്യ സർവകലാശാലയിൽ മോഹനൻ കുന്നുമ്മലിനും പുനർനിയമനം നൽകിയത് വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പുനർനിയമനം ഒഴിവാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയത്; എന്നാൽ വെറ്ററിനറി, ആരോഗ്യ സർവകലാശാലകളെ ഈ ഭേദഗതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.





