കൊച്ചി: വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ച് പ്രത്യേക പരീക്ഷ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സംസ്കൃത സർവകലാശാല തീരുമാനിച്ചു. വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രാഥമിക കൂടിയാലോചന നടത്തുകയും, വിദഗ്ധ നിയമോപദേശം തേടിയ ശേഷം കോടതിയെ സമീപിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തുകയും ചെയ്തു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിനെ തുടർന്ന് 16 വിദ്യാർത്ഥികളെയാണ് സർവകലാശാല നേരത്തെ സസ്പെൻഡ് ചെയ്തിരുന്നത്. എന്നാൽ, വിഷയത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം തള്ളിയ ഹൈക്കോടതി, സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.
പ്രത്യേക പരീക്ഷ നടത്താതിരിക്കാൻ ശിക്ഷാവിധി കാരണമല്ലെന്ന് നിരീക്ഷിച്ച കോടതി, വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ പ്രവേശിക്കാമെന്നും പത്തു വിദ്യാർത്ഥികൾക്കായി ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.





