പാലക്കാട്: വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഓഫീസിലേക്ക് തുടർച്ചയായി ഫോൺ വിളിച്ചതിൽ പ്രകോപിതരായ കെ.എസ്.ഇ.ബി ജീവനക്കാർ വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ മർദ്ദിച്ചതായി പരാതി. ഒറ്റപ്പാലം കയറമ്പാറ മൂർക്കനാട് വീട്ടിൽ ജേക്കബ്, ഭാര്യ ലത എന്നിവർക്കാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്; ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സംഭവത്തിൽ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ഉച്ചയ്ക്ക് മുൻപ് പോയ വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് അറിയാൻ ജേക്കബ് ആദ്യം കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചപ്പോൾ പത്ത് മിനിറ്റിനുള്ളിൽ വൈദ്യുതി വരുമെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ ഇരുപത് മിനിറ്റ് കഴിഞ്ഞിട്ടും വൈദ്യുതി എത്താതിരുന്നതോടെ, വീട്ടിൽ ഒരു കിടപ്പുരോഗി ഉള്ളതിനാൽ ജേക്കബ് വീണ്ടും ഓഫീസിലേക്ക് വിളിക്കുകയായിരുന്നു.
ആദ്യം ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് താൻ തുടരെത്തുടരെ വിളിച്ചതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നും പിന്നാലെ ഇവർ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നെന്നും പരിക്കേറ്റ ജേക്കബ് പറഞ്ഞു.





