തിരുവനന്തപുരം: ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, പി. ജയരാജനെതിരെ രൂക്ഷവിമർശനവുമായി മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ് രംഗത്തെത്തി. ദുബായിൽ ബിസിനസ് ഗ്രൂപ്പുകൾക്കിടയിലെ തർക്കം തീർക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ ചുമതലപ്പെടുത്തിയിരുന്നോ എന്നും, സാംസ്കാരിക പരിപാടിക്ക് മാത്രമായി അനുമതി തേടിയ നവംബറിലെ ഗൾഫ് യാത്രയിലെ ബാക്കി ദിവസങ്ങളുടെ വിശദാംശങ്ങൾ പാർട്ടിക്ക് നൽകിയിട്ടുണ്ടോ എന്നും മനു തോമസ് ചോദിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തമ്മിലുള്ള പരാതികളും അന്വേഷണ കമ്മീഷനും അതിന്റെ വഴിക്ക് നടക്കട്ടെയെന്നും, എന്നാൽ അതിലൊരു നേതാവിനെ വെള്ളതേച്ച് സംരക്ഷിച്ചെടുക്കാൻ ആർമിക്കാർ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വിദേശ യാത്ര നടത്തുന്ന പാർട്ടി അംഗം ആരെ കാണുന്നു, എവിടെ താമസിക്കുന്നു തുടങ്ങിയ വിശദാംശങ്ങൾ ഘടകത്തിൽ എഴുതി നൽകി അനുമതി വാങ്ങേണ്ടതുണ്ടെന്നും, പ്രവാസി സംഘാടകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അടുത്ത സംസ്ഥാന കമ്മിറ്റിയിൽ വിശദീകരണം ചോദിച്ച് നടപടിയെടുക്കേണ്ട കുറ്റമാണിതെന്നും മനു തോമസ് ചൂണ്ടിക്കാട്ടി.
ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കങ്ങളും പണമിടപാട് കേസുകളും തീർത്തുകൊടുക്കുന്നതിന് പ്രത്യുപകാരമായി ചില രാഷ്ട്രീയക്കാർ 'വിയർപ്പ് ഓഹരി' കൈപ്പറ്റാറുണ്ടെന്നും അതാണ് ഇവിടെ നടന്നതെന്ന് വ്യക്തമാവുകയാണെന്നും മനു തോമസ് ആരോപിച്ചു. ഇത്തരത്തിലുള്ള വിയർപ്പ് ഓഹരി ഉടമകളുടെ മക്കൾക്ക് ആ കമ്പനിയിൽ പങ്കാളിത്തം ലഭിക്കാറുണ്ടെന്നും, ഈ പ്രവാസി സംഘടനക്കാരനും അത്തരം ചില പ്രത്യുപകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





