കോട്ടയം: സഭയിൽ സമാധാനം പുലരണമെന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രസ്താവന ആത്മാർത്ഥമെങ്കിൽ സ്വാഗതാർഹമാണെന്നും, എന്നാൽ രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങൾ അംഗീകരിച്ചാൽ അടുത്ത നിമിഷം തന്നെ സമാധാനം സാധ്യമാകുമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ശാശ്വത സമാധാനത്തിന് കുറുക്കുവഴികളില്ലെന്നും, ഒരു വശത്ത് സമാധാന ആഹ്വാനം നടത്തുകയും മറുവശത്ത് കോടതി വിധികൾ ലംഘിക്കാൻ ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്നത് ശരിയല്ലെന്നും സഭ പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മലങ്കരസഭയുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് പാത്രിയർക്കീസ് ബാവായ്ക്ക് മലങ്കര മെത്രാപ്പോലീത്തായുടെ അനുമതി ആവശ്യമാണെന്ന് 1995-ലെ കോടതി വിധിയിലടക്കം വ്യക്തമാക്കിയിട്ടുണ്ട്. സഭയിൽ സമാന്തര ഭരണം പാടില്ലെന്ന് 2017-ലെ സുപ്രീംകോടതി വിധിയും ആവർത്തിച്ച് വ്യക്തമാക്കുന്നു; നീതിപീഠങ്ങളെ വെല്ലുവിളിച്ചുകൊണ്ടാകരുത് സമാധാനത്തിലേക്ക് വഴിയൊരുക്കേണ്ടതെന്നും, നിർഭാഗ്യവശാൽ ഭരണസംവിധാനങ്ങൾ നിയമലംഘനത്തിന് കുടപിടിക്കുകയാണെന്നും സഭ ആരോപിച്ചു.
രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, മലങ്കരസഭയുടെയും രാജ്യത്തിന്റെയും നിയമങ്ങൾക്ക് വിധേയമായി സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കുന്നതിന് തടസ്സങ്ങളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസിനെക്കുറിച്ച് സംസാരിക്കുന്നവർ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനിയെയടക്കം വിസ്മരിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്നും, ചരിത്രത്തെ തമസ്കരിക്കാൻ ശ്രമിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണെന്നും ഓർത്തഡോക്സ് സഭ കൂട്ടിച്ചേർത്തു.





