സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമില്ലെന്നാണ് വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എ.എ. റഹീം എംപി. സമരങ്ങളോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ബിജെപിക്ക് സമാനമായ സമീപനമാണെന്നും, കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുത്തത് പോലെയാണ് ഇന്നലെ പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജന്തർ മന്തറിൽ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തെ അനുസ്മരിപ്പിക്കുന്ന നടപടിയാണ് കേരളത്തിലുമുണ്ടായത്. വി.ഡി. സതീശന്റെയും അമിത് ഷായുടെയും ശബ്ദം ഒരുപോലെയാണെന്ന് കേരളം തിരിച്ചറിയുമെന്നും, ബിജെപിക്ക് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാണ് കേരളത്തിലെ കോൺഗ്രസ് നൽകുന്നതെന്നും റഹീം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ ഈ നടപടിയെ ഡിവൈഎഫ്ഐ ശക്തമായി അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും നേതൃത്വം ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.





