തിരുവനന്തപുരം: രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ ആലോചിക്കുന്നതിനായി കേരളത്തിലെത്തിയ ഉന്നതതല സമിതി പ്രതിനിധികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി. പരീക്ഷകൾ കൂടുതൽ സുതാര്യമായും വിശ്വാസ്യതയോടെയും ഉത്തരവാദിത്തത്തോടെയും നടത്തുന്നതിനുള്ള മാർഗങ്ങളാണ് യോഗത്തിൽ പ്രധാനമായും വിലയിരുത്തിയത്.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, സമിതി സ്ഥിരം ക്ഷണിതാവ് ശങ്കർ മാരുവാഡ, ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി (എൻ.ആർ.എ) സെക്രട്ടറി-കം-പരീക്ഷാ കൺട്രോളറും കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായ പി. ബാല കിരൺ ഐ.എ.എസ് എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഐ.എ.എസ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഐ.എ.എസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നിലവിലെ പരീക്ഷാ രീതികൾ വിലയിരുത്തിയ യോഗം, ചോദ്യപേപ്പറുകളുടെയും പരീക്ഷാ നടത്തിപ്പിന്റെയും സുരക്ഷ, പരീക്ഷാ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി (സി.ബി.ടി) നടപ്പാക്കുന്നതും അതിനാവശ്യമായ സ്ഥാപനപരവും സാങ്കേതികവുമായ ക്രമീകരണങ്ങളും ചർച്ചയിൽ മുഖ്യവിഷയമായി.





