തിരുവനന്തപുരം: ഇൻജക്ഷൻ മാറി കുത്തുന്ന നഴ്‌സുമാർ പഠിച്ചിറങ്ങുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണെന്നും, കേരളത്തിലേതിന് സമാനമായ പഠന നിലവാരം അവിടെയില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്ത് കൂടുതൽ നഴ്‌സിംഗ് സീറ്റുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും, നിലവിലുള്ള 100 സീറ്റുകൾ 200 ആയി ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ (കെഎംഎസ്‌സിഎൽ) ഉദ്യോഗസ്ഥർ ചുമതലയേൽക്കാൻ മടിക്കുന്നത് മരുന്നിന്റെ ഗുണമേന്മ പരിശോധിക്കേണ്ടതും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും അവരായതുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കി. 50/50 എന്ന് പറഞ്ഞാൽ ഇഷ്ടംപോലെ ഉദ്യോഗസ്ഥർ എത്തുമെന്നും, അങ്ങനെ പറയാത്തതുകൊണ്ടാണ് ആരും വരാത്തതെന്നും ചൂണ്ടിക്കാട്ടിയ മുരളീധരൻ, മരുന്ന് കമ്പനി പ്രതിനിധികളെ തന്റെ അടുത്തേക്ക് കൊണ്ടുവരരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
എസ്എംഎ മരുന്ന് വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനമാണ് മന്ത്രി ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ ആശങ്കയല്ല, മറിച്ച് വിലകൂടിയ മരുന്ന് നൽകണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചതെന്ന് ആരോപിച്ച മുരളീധരൻ, പിണറായി ചെയ്തതുപോലെ എല്ലാവർക്കും അമേരിക്കയിൽ പോയി ചികിത്സ നേടാൻ സാധിക്കുമോയെന്നും പരിഹസിച്ചു.





