തിരുവനന്തപുരം: അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോൾ യു.ഡി.എഫിനുള്ളിലെ രൂക്ഷമായ തമ്മിലടിയാണ് കേരളം കാണുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിൽ വൈദ്യുതി വാണിജ്യ യുദ്ധം മുറുകുമ്പോഴും സംസ്ഥാനത്ത് പവർകട്ടിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെക്കുറിച്ച് യു.ഡി.എഫ് കൺവീനർ നടത്തിയ മൂർച്ചയുള്ള പരിഹാസവും, അതിന് മുഖ്യമന്ത്രി നൽകിയ ധിക്കാരം നിറഞ്ഞ മറുപടിയും മുന്നണിക്കുള്ളിലെ ഭിന്നതയാണ് വ്യക്തമാക്കുന്നത്. സരൾ ബില്ലിലൂടെയും മാരിടൈം ബില്ലിലൂടെയും മണ്ണും വയലും കടലും കായലും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാര്യത്തിൽ മാത്രമാണ് ഭരണകർത്താക്കൾ തമ്മിൽ യോജിപ്പുള്ളതെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ജനതാൽപ്പര്യങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ ഭരണത്തലവന്മാരുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരിന് വോട്ട് ചെയ്തതിൽ കേരളത്തിലെ ജനങ്ങൾ ഇന്ന് ദുഃഖിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ജനദ്രോഹ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയരുമെന്നും, രാഷ്ട്രീയ വ്യക്തതയോടെയും ഐക്യത്തോടെയും അതിന് നേതൃത്വം നൽകുകയാണ് എൽ.ഡി.എഫിന്റെ കടമയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.





