ശബരിമലയിൽ ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ സർക്കാർ തയ്യാറാണെന്നും, ശബരിമലയിലെ അരിവിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർത്തിയാക്കേണ്ട 90 ശതമാനം പ്രവർത്തനങ്ങളും ഇതിനോടകം കഴിഞ്ഞതായും, ബാക്കിയുള്ള കാര്യങ്ങൾ ഇനി നിർവഹിക്കേണ്ടത് ബോർഡാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ മുഖവിലയ്ക്കെടുക്കുമെന്നും ബോർഡിനെ പൂർണ്ണ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരും ദേവസ്വം ബോർഡും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാകരുതെന്നതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല നട തുറക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ മണ്ഡലകാല മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരുക്കങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ നിർദ്ദേശം നൽകിയിരുന്നു; ഇതിന്റെ ഭാഗമായി ശബരിമലയിലെത്തിയ ദേവസ്വം പ്രസിഡന്റ് മരാമത്ത് പണികൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തിയ ശേഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.





