തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുമാറ്റിയതിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിൽ പുതിയ പന്തൽ കെട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ.എസ്. ലിജു, ജില്ലാ പ്രസിഡന്റ് വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രവർത്തകർ ന്യായവിരോധമായി സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയും സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ നിർമ്മിച്ച് മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
അതേസമയം, ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) രംഗത്തെത്തി. സമരക്കാരുടെ ന്യായമായ ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിജെപി കേരളം ഇന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും; വരും ദിവസങ്ങളിൽ വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, നേരത്തെ ഇവർക്ക് പിന്തുണയുമായി സിജെപി പ്രവർത്തകർ 12 മണിക്കൂർ നിരാഹാരം അനുഷ്ഠിച്ചിരുന്നതായും പാർട്ടി അറിയിച്ചു.





