കൊച്ചി: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 382 വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 2,41,344 രൂപ പിഴ ഈടാക്കുകയും ചെയ്തു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി), സ്പീഡ് ഗവർണർ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്; പി.സി.സി ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് വെച്ച ബസുകൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിനാണ് (89 കേസുകൾ). ഡോർ ഷട്ടറുകൾ തുറന്നിട്ട് സർവീസ് നടത്തിയതിന് 55 കേസുകളും, ജി.പി.എസ് സംവിധാനം പ്രവർത്തിക്കാത്തതിനും ബ്ലൈൻഡ് സ്പോട്ട് മിറർ ഇല്ലാത്തതിനും 31 വീതം കേസുകളും രജിസ്റ്റർ ചെയ്തു.
സ്പീഡ് ഗവർണർ ഇല്ലാത്തതിന് 28 കേസുകൾ എടുക്കുകയും, സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയ 28 വാഹനങ്ങൾക്ക് സർവീസ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനുപുറമെ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 14 കേസുകളും, അമിതവേഗത്തിന് ഒൻപത് കേസുകളും, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഏഴ് കേസുകളും മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.





