കോട്ടയം: കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ ഭരണസംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ തീരുമാനിച്ചതായി മന്ത്രി മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 31-നകം പുതിയ സംവിധാനം നിലവിൽ വരുമെന്നും നിരന്തരമുണ്ടാകുന്ന പൈപ്പ് പൊട്ടൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി പൂർണ്ണമായും തടസ്സപ്പെട്ട് കിടക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പലയിടത്തും പൈപ്പുകൾ കുഴിച്ചിട്ടതല്ലാതെ കാര്യമായ പുരോഗതിയില്ലെന്നും പദ്ധതിയിലെ 450 പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 14 ജില്ലകളിലും പ്രത്യേക യോഗങ്ങൾ വിളിച്ചുചേർക്കും. ഇതിന്റെ ആദ്യഘട്ടമായി ഈ മാസം 10-ന് കോട്ടയത്ത് യോഗം നടക്കും. ജലവിതരണവുമായി ബന്ധപ്പെട്ട സമഗ്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജനുവരിയിൽ വിപുലമായ വാട്ടർ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





