പത്തനംതിട്ട: ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഫോൺ കോളുകൾ എടുക്കാത്ത വാട്ടർ അതോറിറ്റി ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിൽ നടന്ന ശബരിമല അവലോകന യോഗത്തിൽ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെ വിളിച്ചാൽ ഫോൺ എടുക്കാൻ ബാധ്യസ്ഥരാണെന്നും സാധിച്ചില്ലെങ്കിൽ തിരിച്ചുവിളിച്ചു മറുപടി നൽകണമെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകി.
സംസ്ഥാനത്തുടനീളം വാട്ടർ അതോറിറ്റിയിൽ ഇത്തരം അനാസ്ഥ തുടരുകയാണെന്ന് വിമർശിച്ച മന്ത്രി, ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന ജീവനക്കാർക്ക് യൂണിയനുകളുടെ സംരക്ഷണമുണ്ടെങ്കിലും സർക്കാർ ശക്തമായി ഇടപെട്ട് നടപടിയെടുക്കുമെന്നും അറിയിച്ചു.





