കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഉൾപ്പെട്ട 12 കോടി രൂപയുടെ പദ്ധതി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. എന്നാൽ പ്രധാന ജീവനക്കാരുടെ അസാന്നിധ്യം മൂലം നിർണായക രേഖകൾ കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ലെന്നും സ്ഥാപനത്തിൽ വീണ്ടും പരിശോധന നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കമ്പനി ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമേഖലാ സ്ഥാപനമായ സിൽക്ക് (SILK) മുഖേനയാണ് കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാറുകൾ കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിന്റെ തൃശൂർ ആസ്ഥാനത്തും വിജിലൻസ് പരിശോധന നടത്തി കരാർ സംബന്ധിച്ച ഫയലുകൾ പിടിച്ചെടുക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.





