തിരുവനന്തപുരം: പൂവാർ കരിങ്കുളത്ത് പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ 20 വയസ്സുകാരൻ സനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഫോറൻസിക് ഫലങ്ങൾ ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്താൻ പോലീസ് തീരുമാനം. കിണറ്റിൽ നിന്ന് കണ്ടെടുത്ത സനോജിന്റെ മൊബൈൽ ഫോണും ഭക്ഷണപ്പൊതിയും ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. സംഭവം നടന്ന ദിവസം പെൺകുട്ടിയും മുത്തച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 23-നാണ് വെള്ളവും ആഴവും കുറഞ്ഞ പൊട്ടക്കിണറ്റിൽ സനോജിന്റെ മൃതദേഹം കണ്ടെത്തുന്നത്. സുഹൃത്തിന്റെ വീട്ടിൽ പോയി രാത്രി അവിടെ തങ്ങുമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ മൂന്ന് ദിവസത്തിന് ശേഷമാണ് പെൺസുഹൃത്തിന്റെ വീട്ടുപരിസരത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
സംഭവദിവസം പെൺസുഹൃത്തിന്റെ ആവശ്യപ്രകാരം സനോജ് ഷവർമ വാങ്ങിയിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, കിണറ്റിൽ രണ്ട് തവണ പരിശോധന നടത്തിയപ്പോഴും കണ്ടെത്താൻ കഴിയാത്ത മൊബൈൽ ഫോൺ പിന്നീട് അവിടെനിന്ന് തന്നെ ലഭിച്ചതിൽ ബന്ധുക്കൾ ദുരൂഹത ഉന്നയിക്കുന്നുണ്ട്.





