എറണാകുളം: കാക്കനാട്ട് ഐടി ജീവനക്കാരിയായ അക്ഷരയുടെ മരണത്തിനിടയാക്കിയ 'മലയിൽ' എന്ന സ്വകാര്യ ബസിനെതിരെ മുൻപ് 154 ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി വിവരം. 2022 മുതൽ നാല് വർഷത്തിനിടെ അമിതവേഗത, സിഗ്നൽ ലംഘനം, വാതിൽ തുറന്നിട്ടുള്ള സർവീസ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്കാണ് കേസെടുത്തതെന്നും ഇതിൽ വളരെ കുറച്ചു കേസുകളിൽ മാത്രമാണ് പിഴയൊടുക്കിയിട്ടുള്ളതെന്നും കണ്ടെത്തി.
അപകടത്തെ തുടർന്ന് ബസിന്റെ പെർമിറ്റ് പത്ത് ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. അപകടക്കേസിലെ തുടർനടപടികൾ ആരംഭിച്ചിരിക്കെ, വാഹനം ഉടനെയൊന്നും നിരത്തിലിറക്കാൻ സാധിക്കാത്ത വിധത്തിലുള്ള കർശനമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
അതിനിടെ, അപകടങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകളുടെ സമയക്രമം സർക്കാർ പുനഃപരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പ്രതികരിച്ചു. എറണാകുളം പോലുള്ള നഗരങ്ങളിൽ രണ്ടര മിനിറ്റ് ഇടവേളയിൽ സർവീസ് പൂർത്തിയാക്കാൻ ബസുകൾക്ക് പ്രയാസമാണെന്നും, അശാസ്ത്രീയമായ സമയക്രമമാണ് മത്സരയോട്ടത്തിന് ഇടയാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമയപരിധിയിൽ മാറ്റം വരുത്താനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





