തൃശ്ശൂർ: നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഐഎം അല്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. തന്റെ മകളുടെ വിവാഹത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ വീട്ടിലെത്തി ആശംസ അറിയിക്കുക മാത്രമാണ് താരം ചെയ്തതെന്നും, ഇതിനെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വിവാദമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മകൻ ദുൽഖർ സൽമാനെതിരെ ഇ.ഡി കേസുള്ളതിനാലാണ് മമ്മൂട്ടി ബിജെപി നേതാവുമായി സൗഹൃദം പുലർത്തുന്നതെന്ന പ്രചാരണങ്ങളെയും അദ്ദേഹം പൂർണ്ണമായി തള്ളി. ഇത്തരം വാദങ്ങൾ അൽപ്പത്തരമാണെന്നും മഹാനടന്റെ നിലപാടുകളെ കളങ്കപ്പെടുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി നേതാക്കളോ പ്രവർത്തകരോ ഇത്തരം സൈബർ ആക്രമണങ്ങൾക്ക് മുതിരില്ലെന്നും, പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവരാകാം ഇതിന് പിന്നിലെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
സ്വകാര്യ സൗഹൃദങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുൻ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാക്കളും മകളുടെ വിവാഹത്തിനെത്തിയിരുന്നുവെന്നും ഓർമ്മിപ്പിച്ചു. അസൗകര്യം കാരണം എത്താൻ കഴിയാത്ത വിവരം ഇ.പി. ജയരാജൻ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായ ഇത്തരം വ്യക്തിബന്ധങ്ങളാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.





