കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ. കാസർഗോഡ് ഡെവലപ്പ്‌മെന്റ് സ്‌കീമിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസനം പൂർത്തിയാക്കിയ മുള്ളേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെയാണ് മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
പരിപാടിയുടെ അജണ്ടയിൽ ഈശ്വരപ്രാർത്ഥന എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും, എന്നാൽ രണ്ട് പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് കേന്ദ്ര പ്രോട്ടോക്കോൾ അനുസരിച്ച് വന്ദേമാതരം പൂർണ്ണമായി പാടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ചത് മുതൽ അംഗീകരിച്ചിട്ടുള്ള ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ സംസ്ഥാന സർക്കാരിന്റെ പൊതുചടങ്ങുകളിൽ ആലപിക്കാറുള്ളൂവെന്നും തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ് താനെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്തുകളുടെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളാണെങ്കിലും സർക്കാർ പരിപാടികൾ മറ്റൊരു രീതിയിൽ ഹൈജാക്ക് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വന്ദേമാതരം മുഴുവനായി പാടുന്ന വേളയിൽ മന്ത്രി കെ. മുരളീധരൻ, എംപി, എംഎൽഎ, ജില്ലാ കളക്ടർ എന്നിവർ എഴുന്നേറ്റുനിൽക്കാതെ ഇരുന്നതിലൂടെ ദേശീയ ഗീതത്തെ അവഹേളിക്കുകയാണ് ചെയ്തതെന്ന് ബിജെപി കുറ്റപ്പെടുത്തി.





