തിരുവനന്തപുരം: സ്വകാര്യ ബസുകൾ വെറ്റ് ലീസ് മാതൃകയിൽ വാടകയ്‌ക്കെടുത്ത് സർവീസ് നടത്തുന്ന പദ്ധതി കെഎസ്ആർടിസിക്കും ബസ് ഉടമകൾക്കും ഒരേപോലെ പ്രയോജനകരമാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇന്ധനച്ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും പൂർണ്ണമായി വാഹന ഉടമകൾ തന്നെയാണ് വഹിക്കേണ്ടതെന്നും, പൊതുഗതാഗത മേഖലയെ ശാക്തീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. വെറ്റ് ലീസ് കരാർ കോർപ്പറേഷന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
ബസുകളുടെ ദൗർലഭ്യം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് എസി ബസുകൾക്ക് കിലോമീറ്ററിന് 50 രൂപയും നോൺ എസി ബസുകൾക്ക് 46 രൂപയും നിരക്കിൽ ലീസിന് എടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പല പ്രധാന റൂട്ടുകളിലും ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തേക്കാൾ ഉയർന്ന തുകയാണ് സ്വകാര്യ ബസുകൾക്ക് വാടകയിനത്തിൽ നൽകേണ്ടിവരുന്നതെന്ന കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.
ഉദാഹരണമായി, തിരുവനന്തപുരം - പാലക്കാട് റൂട്ടിൽ പോയി വരുന്ന 754 കിലോമീറ്റർ സർവീസിന് സ്വകാര്യ എസി ബസ് ഉടമയ്ക്ക് 37,700 രൂപ നൽകണം. എന്നാൽ കഴിഞ്ഞ മാസം 29-ന് ഈ റൂട്ടിൽ കെഎസ്ആർടിസിക്ക് ലഭിച്ച വരുമാനം 29,113 രൂപയും 31-ന് ലഭിച്ചത് 30,741 രൂപയുമാണ്. വാടകയ്ക്ക് പുറമെ കണ്ടക്ടറുടെ വേതനച്ചെലവും കെഎസ്ആർടിസി തന്നെ വഹിക്കേണ്ട സാഹചര്യത്തിൽ ഈ സാമ്പത്തിക നഷ്ടം മറികടക്കുന്നത് വെല്ലുവിളിയായി തുടരുകയാണ്.





