തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റാൻ പോലീസ് രണ്ടാമതും നോട്ടീസ് നൽകിയെങ്കിലും എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡേഴ്‌സ് സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സമര നേതാവ് വളർമതി വ്യക്തമാക്കി. വെയിലത്തും മഴയത്തും കിടത്താനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അങ്ങനെ നടക്കട്ടെ എന്നും, പന്തൽ പൊളിച്ചുനീക്കിയാലും സമരം കൂടുതൽ ശക്തമായി തുടരുമെന്നും അവർ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാത കയ്യേറി സമരം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരാഹാര സത്യാഗ്രഹത്തിനായി കെട്ടിയ താത്കാലിക ഷെഡും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് പോലീസ് വളർമതിക്ക് നോട്ടീസ് നൽകിയത്. നിർദ്ദേശം പാലിച്ചില്ലെങ്കിൽ തുടർനടപടികൾ നേരിടേണ്ടിവരുമെന്നും പോലീസ് നോട്ടീസിൽ മുന്നറിയിപ്പുണ്ട്.
പോലീസ് അവരുടെ ചുമതല നിർവ്വഹിക്കട്ടെയെന്നും എന്നാൽ സമരത്തിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നും വളർമതി പ്രതികരിച്ചു. കാലങ്ങളായി ഇതേ നടപ്പാതയിലുള്ള ഫ്ലക്സ് ബോർഡുകൾ ആരും ഇതുവരെ എടുത്തുമാറ്റിയിട്ടില്ലെന്നും സമരപ്പന്തൽ പൊളിച്ചേ അടങ്ങൂ എന്ന നിർബന്ധമാണ് സർക്കാരിനുള്ളതെന്നും അവർ കുറ്റപ്പെടുത്തി.





