കൊച്ചി: യുവതിയെ മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുന്ന ഡോ. ജോൺസൺ കെ. വർഗീസ് എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബലാത്സംഗ ആരോപണം പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരി ദീർഘകാലമായി തന്റെ കുടുംബ സുഹൃത്തും ചികിത്സയിലുള്ള ആളുമാണെന്നും ഹർജിയിൽ പറയുന്നു. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കവെ ഡോക്ടറുടെ ഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
തനിക്കെതിരെയുള്ള പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചെന്നും ഡോക്ടർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. കടവന്ത്രയിലെ ഫ്ലാറ്റിൽ കെട്ടിയിട്ട് നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നും, ഇതിന്റെ വാട്സാപ്പ് ചാറ്റുകൾ തെളിവായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മർദ്ദനത്തിന് പോലീസിൽ കേസ് നൽകിയതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ ബലാത്സംഗ പരാതിയെന്നാണ് ഇയാളുടെ വാദം.
നവംബർ രണ്ടിന് നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് വിശ്വസിപ്പിച്ച് വൈറ്റിലയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്ന് കാണിച്ച് ഡോക്ടർ നേരത്തെ കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നു. രോഗിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന് ആരോപിക്കുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ രണ്ട് ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. തുടർന്ന് നടി, നടൻ ബിബിൻ പെരുമ്പള്ളി എന്നിവരുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ബന്ധുവായ യുവതി ഡോക്ടർക്കെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചത്.





