കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പാർട്ടിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് സിപിഐഎം പ്രവർത്തകരല്ലെന്നും, പാർട്ടി നിലപാടുകൾ വ്യക്തമാക്കാൻ ഔദ്യോഗിക ഹാൻഡിലുകളും നേതൃത്വവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടിയെന്ന പേരിൽ ആർക്കും എന്തും പറയാമെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഏറ്റവും മികച്ച നടനായ മമ്മൂട്ടി ഇടതുപക്ഷവുമായി എക്കാലത്തും സൗഹൃദം പുലർത്തുന്ന വ്യക്തിയാണെന്ന് തോമസ് ഐസക് ഓർമ്മിപ്പിച്ചു. മനുഷ്യർ പരസ്പരം വീടുകൾ സന്ദർശിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും അതിനെ പർവ്വതീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്വന്തം രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.





