കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സർക്കാർ അംഗീകാരമില്ലാതെ 46 പ്രൊഫസർമാർ അനധികൃതമായി സേവനമനുഷ്ഠിക്കുന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. 2023-2024 വർഷത്തെ ആനുവൽ ക്വാളിറ്റി അഷ്വറൻസ് റിപ്പോർട്ട് പ്രകാരം ആകെ അനുവദിച്ചിട്ടുള്ള 220 അധ്യാപക തസ്തികകളിൽ ഒൻപത് പ്രൊഫസർമാർ, 21 അസോസിയേറ്റ് പ്രൊഫസർമാർ, 190 അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരെയാണ് നിയമിക്കേണ്ടത്. എന്നാൽ നിലവിൽ 55 പ്രൊഫസർമാരും 15 അസോസിയേറ്റ് പ്രൊഫസർമാരും 52 അസിസ്റ്റന്റ് പ്രൊഫസർമാരുമാണ് സർവകലാശാലയിൽ ജോലി ചെയ്യുന്നത്.
അനുവദനീയമായതിലും അധികമായി നിയമിച്ച 46 പ്രൊഫസർമാർക്ക് ശമ്പള ഇനത്തിൽ നൽകിയ അധിക തുക സംബന്ധിച്ച് ഓഡിറ്റ് വിഭാഗം സർവകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്. സർവകലാശാലയിലെ സ്പാർക്ക് (SPARK) സോഫ്റ്റ്‌വെയർ വഴി ശമ്പളം നൽകുന്നത് പഞ്ചിംഗുമായി ബന്ധിപ്പിക്കാതെയാണോ എന്ന കാര്യത്തിലും ഓഡിറ്റ് വിഭാഗം വ്യക്തത ആവശ്യപ്പെട്ടു.
ഇതിനുപുറമേ, 90 ശതമാനം അധ്യാപകരും വർഷങ്ങളായി പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്കൃത സാഹിത്യം, സംഗീതം വകുപ്പുകളിലെ ചുരുക്കം അധ്യാപകർ ഒഴികെ ഭൂരിഭാഗം പേരും ഹാജർ ബുക്കിലാണ് ഒപ്പിടുന്നത്; പലരും അനുവദനീയമായ ഗ്രേസ് ടൈം (പ്രതിദിനം ഒരു മണിക്കൂർ/ആഴ്ചയിൽ 300 മിനിറ്റ്) ലംഘിച്ചാണ് എത്തുന്നതെന്നും കണ്ടെത്തി. അനധ്യാപക ജീവനക്കാരിലും പഞ്ചിംഗ് വീഴ്ചയുണ്ടെന്നും മെഷീനുകൾ പ്രവർത്തനരഹിതമാണെന്ന പരാതികൾ നിലനിൽക്കെ എത്രയെണ്ണം പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.





