തിരുവനന്തപുരം: കണ്ണൂരിലും പാലക്കാട്ടിലുമായി കിഫ്ബി ഫണ്ട് വിനിയോഗിച്ച് 12,000 ഏക്കറോളം ഭൂമി വാങ്ങിയതിൽ വ്യാപക ക്രമക്കേട് ആരോപിക്കപ്പെട്ട പശ്ചാത്തലത്തിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം, ഭൂമിയുടെ വിപണിമൂല്യവും രജിസ്ട്രേഷൻ സംബന്ധിച്ച പൂർണ്ണ രേഖകളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്കും കിൻഫ്രയ്ക്കും കത്തയച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിപുലമായ സംഘം അന്വേഷണം നടത്തുന്നത്.
കണ്ണൂരിൽ മാത്രം 12,240 കോടി രൂപ ചിലവഴിച്ച് 4,896 ഏക്കർ ഭൂമി ഏറ്റെടുത്തതാണ് വിജിലൻസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടായി കണക്കാക്കുന്നത്. നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെ, വിപണി നിരക്കിനേക്കാൾ അഞ്ചിരട്ടി തുക നൽകിയാണ് ഈ ഭൂമി ഏറ്റെടുത്തതെന്ന് സുധാപിള്ളയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഭൂമി ഇടപാടുകൾക്ക് പിന്നിൽ അവിഹിതമായ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളോ നിക്ഷിപ്ത ലക്ഷ്യങ്ങളോ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ആഭ്യന്തര വകുപ്പ് വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭൂമി ആരിൽ നിന്നാണ് കൈമാറ്റം ചെയ്തത്, ഉടമസ്ഥാവകാശത്തിന്റെ ചരിത്രം, ക്രയവിക്രയങ്ങൾ നടന്ന രീതി, സർവേ നമ്പറുകളുടെ കൃത്യത എന്നിവയാണ് പ്രാഥമിക ഘട്ടത്തിൽ പരിശോധിക്കുന്നത്. പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുടെ സർവേ രേഖകൾ ഓരോന്നായി പരിശോധിച്ച് വ്യക്തത വരുത്തേണ്ടതിനാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





