കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡോ. ജോൺസൺ കെ. വർഗീസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും പരാതിക്കാരിയുമായി അടുത്ത സൗഹൃദമുണ്ടെന്നുമാണ് ജാമ്യഹർജിയിലെ വാദം. പരാതിക്കാരിയുടെ കുടുംബ ഡോക്ടറായ തനിക്ക് കീഴിൽ അവർ ദീർഘകാലമായി ചികിത്സ തേടുന്നുണ്ടെന്നും, ഇരുവരും മദ്യപിച്ച് ഹോട്ടൽ മുറിയിൽ പോയതുകൊണ്ടുമാത്രം അത് പീഡനമാകില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാൻ ശ്രമിച്ചതിനെതിരെ പരാതി നൽകിയതിന്റെ വിരോധത്തിലാണ് ഈ കേസ് കെട്ടിച്ചമച്ചതെന്നും ഡോക്ടർ ആരോപിക്കുന്നു.
കടവന്ത്രയിലെ ഫ്ലാറ്റിൽ തന്നെ പൂട്ടിയിട്ട് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച നടി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായി ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പണം ആവശ്യപ്പെട്ട് നടി അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി തന്റെ കൈവശമുണ്ടെന്നും ഡോക്ടർ വ്യക്തമാക്കുന്നു.





