തിരുവനന്തപുരം: ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര വ്‌ലാങ്ങാമുറി സ്വദേശി അന്നയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ബസ് നിർത്തിയിട്ട് ഡ്രൈവർ സ്ഥലത്തുനിന്ന് ഇറങ്ങിയോടി.
ധനുവച്ചപുരത്തുനിന്ന് അമരവിള ഭാഗത്തേക്ക് പിതാവ് അശോകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ എതിർദിശയിൽ നിന്നെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് വീണ പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ പിതാവ് അശോകൻ ചികിത്സയിലാണ്.
കെഎസ്ആർടിസി ബസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നു. മരിച്ച അന്നയുടെ മൃതദേഹം തുടർനടപടികൾക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.





