തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 വയസ്സുകാരൻ അഭിറാം കൊല്ലപ്പെട്ട കേസിൽ ഒന്നും രണ്ടും പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണസംഘം നീക്കം തുടങ്ങി. കേസിലെ ഒന്നാം പ്രതിയായ 17 കാരന്റെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കും. ഇയാളെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ മറ്റൊരു പ്രതിയായ ഉമറിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ ആലോചന.
കൃത്യം നടക്കുന്നതിന് രണ്ട് ദിവസം മുൻപേ തന്നെ കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നതായി മൂന്നാം പ്രതി അനന്ദ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന് രണ്ട് ദിവസം മുൻപ് തന്റെ മൊബൈൽ ഫോൺ ഒന്നാം പ്രതിക്ക് കൈമാറിയിരുന്നതായും അനന്ദ പോലീസിനോട് വ്യക്തമാക്കി.
അഭിറാമിന്റെ കാണാതായ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള നിർണായക തൊണ്ടിമുതലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കൊലപാതകം നടന്ന സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് ഇന്ന് തന്നെ വിശദമായ പരിശോധന നടത്തും.





