കൊച്ചി: കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസിഡറായി പ്രമുഖ ചലച്ചിത്ര താരം മമ്മൂട്ടിയെ നിശ്ചയിച്ചു. സംസ്ഥാനത്തെ വാഹനാപകടങ്ങളും അപകട മരണങ്ങളും ഗണ്യമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടപ്പ് മാസം 15-ന് നടക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
റോഡപകട മരണങ്ങൾ ഇല്ലാതാക്കുന്നതിനായി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സമഗ്രമായ ബോധവൽക്കരണം സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ പ്രതിവർഷം 3800 ആളുകളാണ് റോഡപകടങ്ങളിൽപ്പെട്ട് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെടുന്നത്.
ശരിയായ റോഡ് സുരക്ഷാ സംസ്കാരം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിനൊപ്പം, മദ്യവും ഇതര ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ നിയമനടപടികളും ശിക്ഷകളും കൂടുതൽ കർശനമാക്കാനാണ് മിഷൻ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്.





