പത്തനംതിട്ട: സംസ്ഥാന ആരോഗ്യവകുപ്പിൽ മൂവായിരം ഡോക്ടർമാരുടെ തസ്തികകൾ വർദ്ധിപ്പിക്കുമെന്നും നഴ്‌സുമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകളും കൂട്ടുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. പൊതുമേഖലാ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നു മാസത്തിനകം റോബോട്ടിക് സർജറി സംവിധാനം ഏർപ്പെടുത്തും. തുടർവർഷങ്ങളിൽ ഇതര മെഡിക്കൽ കോളേജുകളിലേക്കും ഇത് വ്യാപിപ്പിക്കും.
ഈ വർഷം ആദ്യമാണ് ആർ.സി.സി.യിൽ റോബോട്ടിക് ശസ്ത്രക്രിയ ആരംഭിച്ചത്. ശസ്ത്രക്രിയാ വിദഗ്ദ്ധൻ ത്രിമാനദൃശ്യങ്ങൾ നിരീക്ഷിച്ച് നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത റോബോട്ടിക് കൈകൾ ഉപയോഗിച്ചുള്ള ഈ സർജറികൾക്ക് കൃത്യത കൂടുതലാണ്.
എൻ.എസ്.എസ്. ലാഭേച്ഛയില്ലാതെ പൊതുമേഖലാ സ്ഥാപനം പോലെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും അവർ അലോപ്പതി മേഖലയിലേക്ക് കടന്നുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ വരുന്ന ചികിത്സാച്ചെലവ് മൂന്ന് ലക്ഷമാക്കി ഉയർത്തുന്ന വിദേശ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ നിലവിലുണ്ട്. എന്നാൽ സർക്കാർ സംവിധാനം പോലെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്. ജീവനക്കാരുടെ ക്ഷേമകാര്യങ്ങളിലും മാതൃകാപരമായി നിലകൊള്ളുന്നുവെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.





