സർക്കാരിന്റെ അറിവോ അനുമതിയോ കൂടാതെ ബാറുകൾ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ബാറുകൾ അനുവദിച്ച നടപടിയെ പരസ്യമായി വിമർശിച്ച അദ്ദേഹം, കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിലനിർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും വെളിപ്പെടുത്തി.
പിഎസ്‌സിയിൽ ഗുരുതരമായ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ കർശന ശുദ്ധീകരണ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ശുപാർശ നൽകിയെന്ന പേരിൽ പിഎസ്‌സിയിലെ എല്ലാവരെയും വെള്ളപൂശി സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇത് രണ്ടും വ്യത്യസ്ത വിഷയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി ഉദ്യോഗാർത്ഥികളോട് സർക്കാരിന് അനുഭാവപൂർണ്ണമായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ ഉദ്യോഗാർത്ഥികളുമായി എട്ട് തവണ ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും, സമരത്തിന്റെ ഭാഗമായി അവർ മുടി മുറിക്കുന്നത് കണ്ട് തന്റെ കണ്ണുനിറഞ്ഞെന്നും അദ്ദേഹം പ്രതികരിച്ചു.





