തിരുവനന്തപുരം: ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാൾ 2,000 കോടി രൂപയുടെ സാമ്പത്തിക ലാഭമാണ് ജിഎൻഎയുമായുള്ള (GNA) കരാറിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പീക്ക് അവർ സമയങ്ങളിൽ ജിഎൻഎയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുമെന്നും, സർക്കാരിന് ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉറപ്പാക്കുകയാണ് തന്റെ ചുമതലയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികമായ ഭരണപരമായ സ്ഥലംമാറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റിന് 14 രൂപ 50 പൈസ നിരക്ക് ആവശ്യപ്പെട്ട ഹിമാചൽ സർക്കാരിന്റെ നിർദ്ദേശവും 8 രൂപ 63 പൈസ വാഗ്ദാനം ചെയ്ത സ്വകാര്യ സ്ഥാപനമായ ജിഎൻഎയുടെ പ്രൊപ്പോസലുമാണ് സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഹിമാചലിന്റെ വ്യവസ്ഥകൾ അംഗീകരിച്ചിരുന്നെങ്കിൽ സംസ്ഥാനത്തിന് 2,232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമായിരുന്നു; അതുകൊണ്ടാണ് ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്.
സ്വകാര്യ കമ്പനിയെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി, യാഥാർത്ഥ്യം അന്വേഷിക്കാതെയാണ് പ്രതിപക്ഷ നേതാവ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി. പിണറായി വിജയന്റെ സർക്കാരിന്റെ കാലത്ത് 2025-ൽ ഇതേ സ്വകാര്യ കമ്പനിയായ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും, ഈ സ്ഥാപനത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ വകുപ്പ് മന്ത്രിയോ കെഎസ്ഇബി ചെയർമാനോ എതിർത്തിട്ടില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.





