ആലപ്പുഴ: മുൻ സർക്കാരിന്റെ ഭരണകാലത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇപ്പോഴും പ്രവർത്തകർ പ്രതികളായി തുടരുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ അതൃപ്തിയുമായി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുത്ത 'ജൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രാ വേദിയിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.
സമരമുഖങ്ങളിൽ ക്രൂരമായ മർദ്ദനം നേരിട്ട പ്രവർത്തകർ കേസിൽപ്പെട്ടതോടെ അവരുടെ ഭാവി കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രവീൺ ചൂണ്ടിക്കാട്ടി. ജില്ലയിലെ പാർട്ടി നേതൃത്വം ഈ വിഷയത്തിൽ ആവശ്യമായ നിയമപരമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുകയും ആഭ്യന്തരമന്ത്രിയുടെ സ്വന്തം ജില്ലയായിരിക്കുകയും ചെയ്തിട്ടും പ്രവർത്തകർക്ക് നീതി ലഭ്യമാക്കാൻ ഭരണത്തിലുള്ളവർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





