ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലെ നരേന്ദ്ര മോദിയാണെന്നും അതിന് പറ്റിയ മന്ത്രിയാണ് റോജി എം. ജോണെന്നും മുൻ മന്ത്രി പി. രാജീവ്. സർക്കാരിൽ വകുപ്പ് മന്ത്രിമാർ കാര്യങ്ങൾ അറിയുന്നില്ലെന്നും ഒരു പ്രത്യേക സംഘമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും അനാവശ്യമായി ഇടപെടുകയാണെന്നും കുറ്റപ്പെടുത്തി.
തടസ്സങ്ങളൊന്നുമില്ലാതെ അഴിമതി നടത്താനാണ് അഭൂതപൂർവമായ രീതിയിൽ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതെന്ന് രാജീവ് ചൂണ്ടിക്കാട്ടി. കെഎസ്ഇബിയിൽ 1,000 കോടി രൂപയുടെ വൈദ്യുതി വാങ്ങുന്നതിന് അനുമതി നൽകാതിരുന്നതിനാണ് ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്ന് മാറ്റിയത്. ബാർ ലൈസൻസ് നൽകാൻ മന്ത്രിയും സർക്കാരും അറിയണമെന്ന പുതിയ നിബന്ധന ഭരണപക്ഷത്തെ കാണുന്നവർക്ക് മാത്രം അനുമതി നൽകാനാണെന്നും 'ബാർ കോഴ 2.0' എന്ന് നേരിട്ട് വിശേഷിപ്പിക്കുന്നില്ലെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹാജരില്ലെങ്കിലും ലോ കോളേജ് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാമെന്ന് ഡൽഹി ഹൈക്കോടതി വിധിയുണ്ടെന്നും രാജീവ് പറഞ്ഞു. എന്നാൽ കേരള ഹൈക്കോടതിയിൽ നിന്നുണ്ടായത് നീതിരഹിതമായ വിധിയാണ്. സർവകലാശാല സ്വതന്ത്ര സ്ഥാപനമാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ബിജെപി മന്ത്രിമാരുടെ ശൈലിയിലാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനും സ്വതന്ത്ര സ്ഥാപനമല്ലേ എന്നും അദ്ദേഹം ചോദിച്ചു.





