തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിക്കാനുള്ള ഡെപ്യൂട്ടി കമ്മീഷണർമാരുടെ വിവേചനാധികാരം എടുത്തുമാറ്റാൻ ഔദ്യോഗികമായി തീരുമാനിച്ചതായും നവംബർ 30-നകം സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്നും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. മദ്യനയം പ്രാബല്യത്തിൽ വരുന്നത് വരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന് കർശന ഉത്തരവിറക്കും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ചട്ടങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കുണ്ടായ അനാവശ്യ അധികാരങ്ങളും ലൂപ്പ് ഹോളുകളും പൂർണ്ണമായി അടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് എഫ്എൽ 7 (FL 7) ലൈസൻസുകൾ അനുവദിച്ചത് കഴിഞ്ഞ സർക്കാരിന്റെ നയത്തുടർച്ച പ്രകാരം എക്സൈസ് കമ്മീഷണർക്ക് അധികാരമുള്ളതിനാലാണ്. എന്നാൽ സർക്കാർ മുൻപാകെയെത്തിയ അപേക്ഷയിൽ, പുതിയ മദ്യനയം വരുന്നതുവരെ അനുമതി നൽകാനാവില്ലെന്ന നിലപാടാണ് വകുപ്പ് സ്വീകരിച്ചത്. ലൈസൻസ് നൽകിയ വിവരം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും, നിലവിൽ നൽകിയ ലൈസൻസുകളിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ കമ്മീഷണറോട് വിശദീകരണം തേടുകയും പ്രാഥമിക റിപ്പോർട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കമ്മീഷണറെ മാറ്റുന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാവില്ലെന്നും ആരും ഒരു പദവിയിലും സ്ഥിരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്ത് വൈൻ പാർലറുകൾ ബാറുകളാക്കി മാറ്റിയതടക്കം പുനഃപരിശോധിക്കുമെന്നും, ഇപ്പോൾ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരംശം മാത്രമാണെന്നും മന്ത്രി ആരോപിച്ചു. മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പത്ത് വർഷം മദ്യം ഒഴുക്കാനും അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് മുൻപിലും സംതൃപ്തനായിരുന്ന എം.ബി. രാജേഷും എൽഡിഎഫും സൃഷ്ടിച്ച വ്യവസ്ഥിതിയോട് തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും, വാക്കുകളിലല്ലാതെ നടപടികളിലൂടെയാണ് താൻ ആ അതൃപ്തി പ്രകടിപ്പിക്കുന്നതെന്നും എം. ലിജു പ്രതികരിച്ചു.





