കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന പതിനേഴുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. നാട്ടന്നൂർ സ്വദേശിനി ഹർഷ (17) ആണ് കരുനാഗപ്പള്ളി എ.എം ആശുപത്രിയിൽ മരിച്ചത്. നൽകിയ മരുന്നിലെ തകരാറും ജീവനക്കാരുടെ അനാസ്ഥയുമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പോലീസിനെ സമീപിക്കുകയായിരുന്നു.
വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നൽകിയ സിറപ്പ് കഴിച്ചതിന് തൊട്ടുപിന്നാലെ പെൺകുട്ടിക്ക് കാഴ്ച മങ്ങുകയും കടുത്ത അസ്വസ്ഥതകൾ ഉണ്ടാവുകയും ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; മരണം സംഭവിച്ച ശേഷമാണ് കുട്ടിയെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാൻ റഫർ ചെയ്തതെന്നും കുടുംബം ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ആശുപത്രി മാനേജ്മെന്റ് മരണകാരണം വ്യക്തമല്ലെന്ന് അറിയിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തിയപ്പോഴേക്കും പെൺകുട്ടി മരണപ്പെട്ടിരുന്നുവെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.





