പാലക്കാട്: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ-എംഎസ്എഫ് സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എസ്എഫ്ഐ നേതാക്കളെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം.ബി. രാജേഷ്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി ആശുപത്രിയിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും, ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ നേതാക്കളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെയല്ല ഈ അക്രമമെങ്കിൽ മുസ്ലിം ലീഗ് പരസ്യമായി നിലപാട് വ്യക്തമാക്കണമെന്നും ശക്തമായ നിയമനടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രിയിൽ അക്രമം നടത്തിയ മുഖംമൂടി സംഘത്തിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെട്ടിരുന്നുവെന്ന് എം.ബി. രാജേഷ് ആരോപിച്ചു. ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ മാരകായുധങ്ങളുമായി എത്തിയ സംഘത്തിന് പിന്നിലെ പ്രേരണയും അവർക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണവും എന്താണെന്ന് വ്യക്തമാക്കാൻ ലീഗ് തയ്യാറാകണം.
പുറത്തുവന്ന ദൃശ്യങ്ങൾ കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതാണെന്നും ഈ കൊലവിളിയെയും ആക്രമണത്തെയും സംസ്ഥാനത്തെ പൊതുസമൂഹം അപലപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിലൂടെ മുസ്ലിം ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുകയാണെന്ന് തെളിയുകയാണെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി.





