കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ വസതി സന്ദർശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ഉറപ്പുനൽകി. സർക്കാർ പൂർണ്ണ പിന്തുണ കുടുംബത്തിന് വാഗ്ദാനം ചെയ്തതായും നീതി ഉറപ്പാക്കുമെന്നും കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രയോട് മന്ത്രി വ്യക്തമാക്കി.
പ്രതിയായ പതിനേഴുകാരന് ജാമ്യം ലഭിച്ചതിനെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ശക്തമായ പ്രോസിക്യൂഷൻ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അപ്പീലിൽ വന്നത് ഗുരുതരമായ വീഴ്ചയല്ലെന്നും ആ പിഴവ് തിരുത്തി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയ ചെന്നിത്തല, ജഡ്ജിയായാലും സാധാരണക്കാരനായാലും നിയമവും നീതിയും എല്ലാവർക്കും തുല്യമാണെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പുകളിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയബാലകൃഷ്ണന്റെ മകൾ ഭദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.





