തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ കേസെടുത്തതിൽ പോലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് സമരസമിതി നേതാവ് വളർമതി. പോലീസ് തങ്ങളെ ശത്രുപക്ഷത്ത് നിർത്തി കേസെടുക്കുകയാണെന്നും യുഡിഎഫ് സർക്കാരിലുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നും അവർ പ്രതികരിച്ചു; യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത മന്ത്രി ഒ.ജെ. ജനീഷിനും ഷാഫി പറമ്പിൽ എംപിക്കുമെതിരെ കേസെടുക്കാത്ത ഇരട്ടത്താപ്പും അവർ ചൂണ്ടിക്കാട്ടി.
സമരപ്പന്തലിലെ കനോപ്പി പൊളിക്കാൻ നോക്കിയതിനാലാണ് പോലീസിനെ എതിർത്തതെന്നും, സേനയ്ക്കെതിരെ മാധ്യമങ്ങളിൽ വാർത്ത വന്നതിന്റെ പ്രതികാരമായാണ് തങ്ങൾക്കെതിരെ കേസെടുത്തതെന്ന് പോലീസ് തന്നെ പറഞ്ഞതായും വളർമതി ആരോപിച്ചു. മറ്റ് പാർട്ടികൾ ഭരണത്തിലിരിക്കുമ്പോൾ പഞ്ചാര വാക്കുകൾ പറയുന്ന യുഡിഎഫ്, കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ കൊണ്ടാണ് തങ്ങൾ അധികാരത്തിലെത്തിയതെന്ന കാര്യം മറക്കരുതെന്നും നീതിക്കായുള്ള പോരാട്ടങ്ങൾ അടിച്ചമർത്താനാവില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചതിനാണ് നിയമനടപടി സ്വീകരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. കണ്ടാലറിയാവുന്ന 50 പേർക്കും തിരിച്ചറിഞ്ഞ എട്ടുപേർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിൽ സമരസമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.





