തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ ഡോക്ടർ എം.ആർ. ബൈജു, മറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കേസ് രജിസ്റ്റർ ചെയ്തു. അർഹരായ ഉദ്യോഗാർത്ഥികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കി ക്രമക്കേട് നടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള എഫ്ഐആറിലെ കണ്ടെത്തൽ.
ഇതിനിടെ, ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ്, എംവിഡി അസിസ്റ്റന്റ് ഇൻസ്പെക്ടർ എന്നീ തസ്തികകളിലെ നിയമന പരീക്ഷകളിലും ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൽ രണ്ട് കേസുകളിൽ എസ്‌ഐടി നിയമനടപടി സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പിഎസ്‌സി ചെയർമാനെ അടക്കം ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് എഫ്ഐആർ ഫയൽ ചെയ്തത്.





