തിരുവനന്തപുരം: നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. മുൻപ് ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ പരിശോധനകൾ നടക്കട്ടെയെന്നും അവർ പറഞ്ഞു. ഒരു ആന്റിവൈറൽ മരുന്നായ റെംഡെസിവിർ നൽകിയതുകൊണ്ടാണ് രോഗികൾ മരണപ്പെട്ടതെന്ന് സമർത്ഥിക്കാനാകില്ലെന്നും കാരണം ക്ലിനിക്കൽ ട്രയലുകൾ നടന്നിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
നിയമസഭയിൽ പ്രസ്താവനകൾ നടത്തുമ്പോൾ ആധികാരികത പുലർത്തണമെന്നും സ്വന്തം ചുമതലകൾ നിർവ്വഹിക്കുന്നതിന് പകരം മറ്റുള്ളവരിൽ കുറ്റം കണ്ടെത്താനാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി ശ്രമിക്കുന്നതെന്നും ശൈലജ വിമർശിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ വികസന നേട്ടങ്ങൾ അട്ടിമറിക്കാനാണ് നിലവിലെ നീക്കങ്ങളെന്നും അവർ ആരോപിച്ചു.
സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർക്കാനും സർക്കാർ ആശുപത്രികളെ സ്വകാര്യവത്കരിക്കാനുമാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും അതിനാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്ന് സംശയിക്കുന്നതായും ശൈലജ പറഞ്ഞു. സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളിലൂടെ സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.





