തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയത്തിൽ പ്രകോപിതരായി എംഎസ്എഫും മുസ്ലിം ലീഗും ക്യാമ്പസിനകത്തും പുറത്തും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ കാണാനെത്തിയ എസ്എഫ്ഐ ജില്ലാ നേതാക്കൾക്ക് നേരെ ആശുപത്രിയിൽ അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി നടത്തിയ ആക്രമണം അത്യന്തം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
എംഎസ്എഫ് ജില്ലാ ഭാരവാഹികൾ ഉൾപ്പെടുന്ന ക്രിമിനൽ സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രിയിൽ നടന്ന അതിക്രമങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും പിണറായി വിജയൻ വ്യക്തമാക്കി.





