കോട്ടയം: എസ്എൻഡിപി യോഗം നേതൃത്വം ഹിന്ദുത്വ വർഗീയതയുടെ പ്രചാരകരായി മാറിയിരിക്കുകയാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ കുറ്റപ്പെടുത്തി. 'നായാടി മുതൽ നമ്പൂതിരി വരെ' ഒരുമിക്കണമെന്ന് ആർഎസ്എസ് നിലപാടെടുക്കുമ്പോൾ, 'നായാടി മുതൽ നസ്രാണി വരെ' ഒന്നിപ്പിക്കണമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ സംഘപരിവാർ അജണ്ടകൾ ഏറ്റുപിടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വെള്ളാപ്പള്ളിയുമായി ഏത് തുറന്ന സംവാദത്തിനും താൻ തയ്യാറാണെന്ന് കാഞ്ഞിരപ്പള്ളിയിൽ നടന്ന സിഐടിയു പരിപാടിയിൽ സംസാരിക്കവെ ജയരാജൻ ആവർത്തിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രത്യേക കാരണങ്ങളുണ്ടെന്നും രാഷ്ട്രീയ സംഘടനാ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ സംഭവിച്ചതിനൊപ്പം വലതുപക്ഷ രാഷ്ട്രീയ ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായെന്ന് പി. ജയരാജൻ വ്യക്തമാക്കി.





