കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകൾ തൊഴിലെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി റദ്ദാക്കി. 2002-ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥിന്റെ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. സുരക്ഷ ചൂണ്ടിക്കാട്ടി സ്ത്രീകളുടെ മൗലികാവകാശങ്ങളും തൊഴിൽ സ്വാതന്ത്ര്യവും കവർന്നെടുക്കാനോ അവസരങ്ങൾ തടയാനോ സർക്കാരിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവിന്റെ മരണത്തെ തുടർന്ന് കള്ളുഷാപ്പിൽ ആശ്രിത നിയമനം നിഷേധിക്കപ്പെട്ട തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47-കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ചരിത്രപരമായ ഉത്തരവ്. 2024-ൽ ഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇവർ ജോലിക്ക് അപേക്ഷിച്ചെങ്കിലും, സ്ത്രീകൾക്ക് ഷാപ്പുകളിൽ വിലക്കുണ്ടെന്ന ചട്ടം കാണിച്ച് അധികൃതർ നിരസിക്കുകയായിരുന്നു.
ചൂഷണങ്ങളിൽ നിന്നും തൊഴിലിടങ്ങളിലെ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് നിരോധനമെന്നും ഉൾപ്രദേശങ്ങളിലെ ഷാപ്പുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ് വ്യവസ്ഥയെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിദേശമദ്യ ശാലകളിൽ നിന്നുള്ള വ്യത്യസ്തമായ തൊഴിൽ അന്തരീക്ഷം ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസൻസിയും ഹർജിയെ എതിർത്തെങ്കിലും, സംരക്ഷണത്തിന്റെ പേരിൽ എല്ലാ സ്ത്രീകൾക്കുമുള്ള തൊഴിൽസാധ്യത ഇല്ലാതാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.





