തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും വിവിധ ആനുകൂല്യങ്ങളും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെ നിയമസഭയിൽ ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു. ശമ്പളത്തിന് പുറമെ മണ്ഡലം ബത്ത, യാത്രാ ബത്ത, വിമാനയാത്രാ അലവൻസ്, അപകട ഇൻഷുറൻസ് എന്നിവയിലാണ് പ്രധാനമായും വർദ്ധനവ് വരുത്തുന്നത്. സഭാ സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ മന്ത്രി സണ്ണി ജോസഫാണ് ഇതുസംബന്ധിച്ച ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വെച്ചത്.
പുതിയ വ്യവസ്ഥകൾ പ്രകാരം നിലവിലെ എംഎൽഎമാരുടെ വാർഷിക ഇന്ധന കൂപ്പൺ തുക നാല് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷമായും, മുൻ സാമാജികരുടേത് ഒരു ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷം രൂപയായും ഉയർത്തും. ഫ്ലൈറ്റ് സർവീസുകൾ ഇല്ലാത്ത പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് വിമാനയാത്രാ തുക എങ്ങനെ പ്രയോജനപ്പെടുമെന്ന് സജി ചെറിയാനും തിരുവഞ്ചൂർ രാധാകൃഷ്ണനും സഭയിൽ സംശയം ഉന്നയിച്ചതോടെ, അംഗങ്ങളുടെ പൊതുവികാരം മാനിച്ച് ഈ തുക റെയിൽവേ കൂപ്പണാക്കി മാറ്റാമെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യാനുസരണം റോഡ് മാർഗ്ഗമുള്ള യാത്രയും പരിഗണിക്കണമെന്ന് വി. ജോയ് എംഎൽഎ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇത് ഡീസൽ കൂപ്പണാക്കാമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
എംഎൽഎമാർക്ക് അഡീഷണൽ സ്റ്റാഫിനെ നിയമിക്കണമെന്ന പൊതു ആവശ്യം സഭയിൽ സ്പീക്കർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.





