തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ചെയർമാൻ എം.ആർ. ബൈജുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. ചെയർമാന്റെയും മറ്റ് പിഎസ്‌സി അംഗങ്ങളുടെയും മൊഴികളിൽ പ്രകടമായ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വിളിപ്പിക്കും. ഇതിനുപുറമെ കമ്മീഷനിലെ മുഴുവൻ അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം; ഇതിനായി കൂടുതൽ അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് കൈമാറും.
ആസൂത്രണ ബോർഡ് പരീക്ഷയിൽ പിഎസ്‌സിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതികപ്പിഴവ് മാത്രമാണിതെന്നുമാണ് ചെയർമാന്റെ നിലപാട്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന വിദഗ്ദ്ധരെ തെരഞ്ഞെടുക്കാനും ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ നിശ്ചയിക്കാനും തനിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് ബൈജു മൊഴി നൽകിയിട്ടുണ്ട്. അഭിമുഖത്തിന്റെ മാർക്ക് 40-ൽ നിന്ന് 25 ആയി വെട്ടിച്ചുരുക്കിയത് തന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.





